ഓർമ്മകളിലെ സംഗീതത്തിലിഞ്ഞ് പൂർവവിദ്യാർഥികളുടെ സംഗീതസായാഹ്നം
ചിറ്റൂർ ▶ സംഗീതമേഖലയിലേക്ക് കൈപിടിച്ചുയർത്തിയ ചിറ്റൂർ കോളേജിന്റെ ഓർമ്മകളിലേക്ക് വീണ്ടും അവരെത്തി. ഗവ. കോളേജിലെ പൂർവവിദ്യാർഥികളിൽ സംഗീതരംഗത്ത് പ്രസിദ്ധരായവരാണ് വ്യാഴാഴ്ച ഒത്തുചേർന്നത്. കോളേജ് അലുമിനി അസോസിയേഷന്റെ പതിമൂന്നാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നം അവതരിപ്പിക്കാനാണ് വർഷങ്ങൾക്കുശേഷം വീണ്ടും അവർ ചിറ്റൂരിലെത്തിയത്.
സംഗീതത്തിൽ ഉപരിപഠനവും ഗവേഷണ വിഭാഗവുമുള്ള കോളേജിൽനിന്ന് പഠിച്ചിറങ്ങിയ ടി.എൻ. കൃഷ്ണചന്ദ്രൻ, പാലക്കാട് കെ.എൽ. ശ്രീറാം, പ്രണവം ശശി, മഞ്ജു മേനോൻ, ചിത്രാ അരുൺ, വൃന്ദാ മേനോൻ, കുഴൽമന്ദം രാമകൃഷ്ണൻ, വിജു എസ്. ആനന്ദ്, എം.പി. മധുസൂദനൻ, പാലക്കാട് മുരളി എന്നിവരാണ് സംഗീതപരിപാടി അവതരിപ്പിച്ചത്.
അച്ഛന്റെ നിർബന്ധംകൊണ്ടു മാത്രമാണ് സംഗീതം പഠിക്കാൻ ചിറ്റൂർ കോളേജിലെത്തുന്നതെന്നും പിന്നീട് തന്റെ ജീവിതത്തെ നിർണായകമായ ഒരു ദിശയിലേക്ക് കൊണ്ടുപോകുന്നതിൽ കോളേജിന്റെ സ്വാധീനം ഏറെയാണെന്നും സിനിമാ പിന്നണി ഗായകൻ ടി.എൻ. കൃഷ്ണചന്ദ്രൻ ഓർമ്മിച്ചു. ഗാനാഞ്ജലി അവതരിപ്പിച്ചു പൂർവവിദ്യാർഥികൾക്ക് അവരെ പഠിപ്പിച്ചിരുന്ന അധ്യാപകർതന്നെ ഉപഹാരം നൽകി.
പാലക്കാട് കെ.എൽ. ശ്രീറാം അവതരിപ്പിച്ച ഫ്യൂഷനോടെ തുടങ്ങിയ സംഗീത പരിപാടിയിൽ ഗായകരായ പി. ജയചന്ദ്രനും പി. ലീലയ്ക്കും സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങളും അവതരിപ്പിച്ചു.
പ്രോഗ്രാം കൺവീനർ വിശ്വപ്രസാദ്, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ജയദേവൻ, പ്രിൻസിപ്പൽ റെജി, സംഗീതവിഭാഗം മേധാവി സുഷാചന്ദ്രൻ, അസോസിയേഷൻ സെക്രട്ടറി രബീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.











